- സോക്രട്ടീസ് വീണ്ടും
- ഏതന്‍സിലെ തെരുവില്‍ അറപ്പുതോന്നുന്ന ഒരു വികൃതരൂപം സദാസമയവും അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ടെന്നും നാലാള് കൂടുന്നിടത്ത് വലിഞ്ഞുകേറി അനാവശ്യചോദ്യങ്ങളാല് ശല്യം ചെയ്യാറുണ്ടെന്നും കാലം കഴിഞ്ഞപ്പോള്‍ ആ വികൃതരൂപം കാണാനും വിസ്തൃതമായ വായയില്‍നിന്ന് പുറ ത്തുവരുന്ന വാക്കുകളുടെ ചൈതന്യം ഉള്‍ക്കൊള്ളാനും ആളുകള്‍ തിടുക്കപ്പെട്ടുവെന്നും ഒടുക്കം യുവജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ചുമത്തി മരണശിക്ഷക്ക് വിധിക്കപ്പെട്ടുവെന്നും ആ മനുഷ്യന്റെ പേര് സോക്രട്ടീസ് എന്നാണെന്നും ക്ലാസ് മുറിയിലെ അധ്യാപകരില്‍നിന്നോ പാഠപുസ്തകത്തില്‍ നിന്നോ അല്ല ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്. തറവാട്ടുവീട്ടിലെ കട്ട്ളപ്പടിയിലും ജനലഴികള്ക്കിടയിലും മരക്കോണിയിലും മേശപ്പുറത്തും ഇറയത്തും ഇരുത്തിയിലും മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ചട്ടപോയ ഒരു ബാലസാഹിത്യകൃതിയില്‍ നിന്നായിരുന്നു.
"വീരചരിതങ്ങള്‍" എന്നായിരുന്നു ആ പുസ്തകത്തിന്റെ
പേര്. എഴുതിയത് എരുമേലി പരമേശ്വരന് പിള്ള. പ്രസിദ്ധീകരിച്ചത് വിദ്യാര്‍ഥിമിത്രം ബുക്ക് ഡിപ്പോ. അധ്യാപകനായിരുന്ന അച്ചാച്ചന്റെ മുറിയില്‍ പുസ്തകങ്ങള്‍ക്കായി ഒരു അലമാര ഉണ്ടായിരുന്നെങ്കിലും മഹാഭാരതം, രാമായണം, ഭാഗ വതം, അമരകോശം, ശബ്ദതാരാവലി തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കു മാത്രമേ അവിടെ സ്ഥിരമായി കുടിപാര്‍ക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. തടിച്ച പുസ്തകങ്ങളുടെ ഇടിയും തൊഴിയുമേറ്റ് വക്കും മൂലയും പൊട്ടിപ്പൊളിഞ്ഞ
ചെറുപുസ്തകങ്ങള്‍ അലമാരയില്‍നിന്ന് തെറിച്ചുവീഴുകയും
ആരാലും ശ്രദ്ധിക്കപ്പെടാതെ അലസസഞ്ചാരം നടത്തുകയും പതിവായിരുന്നു. ഒടുവില്‍ സ്വാഭാവിക പരിണാമമെന്നോണം പറമ്പിലെ ചപ്പുചവറുകള്‍ക്കിടയില്‍ നിര്‍ദയം വലിച്ചെറിഞ്ഞ് അഗ്നിക്കിരയാവുകയും ചെയ്യും. എന്നാല്‍ "വീരചരിതങ്ങള്‍"ക്ക് എന്തുകൊണ്ടോ ആയുസ്സ് അല്പം കൂടുതലായിരുന്നു. "എന്നെയൊന്ന് തുറന്നുനോക്കൂ" എന്ന മട്ടില്‍ അത് വീട്ടിലെ സര്‍വരേയും പിന്തുടര്ന്നു. പാഠപുസ്തകങ്ങള്‍
പോലും തൊട്ടുനോക്കാന്‍ ഇഷ്ടമില്ലാതിരുന്ന കാലത്ത്, മുതിര്‍ന്നവരുടെ "പഠിക്ക്, പഠിക്ക്" എന്ന വിരസമായ കല്പ്പ നയില്‍നിന്ന് രക്ഷപ്പെടാനായിരിക്കാം വീണുകിടക്കുകയായിരുന്ന "വീരചരിതങ്ങള്‍" എടുത്ത് പൊടിതട്ടി മറിച്ചുനോക്കിയത്. വായിച്ചുതുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. അവസാന വരിവരെ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു എന്നാണോര്‍മ.
കരഞ്ഞുകൊണ്ടിരിക്കുന്ന ജയിലറില്നിന്നും വിഷക്കോപ്പ ഏറ്റുവാങ്ങുന്നതും സന്തോഷത്തോടെ കുടിച്ചുതീര്‍ക്കുന്നതും ശിഷ്യനോട് ഒരു കോഴിക്കടം തീര്ക്കേ ണ്ടുന്ന കാര്യം ഓര്‍മിപ്പിക്കുന്നതും
പതുക്കെ ശരീരം നിശ്ചലമാകുന്നതും
ശിഷ്യന് അദ്ദേഹത്തിന്റെ വായും കണ്ണും തിരുമ്മിയടക്കുന്ന തും ഹൃദയമിടിപ്പോടെയാണ്
വായിച്ചത്. ഭാഷയുടെ ലാളിത്യവും വാക്കുകളുടെ ഒഴുക്കും ആകാംക്ഷയുളവാക്കുന്ന കഥപറച്ചില്‍ രീതിയും സോക്രട്ടീസിനെ
വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചു. എത്രവട്ടം വായിച്ചു വിചാരപ്പെട്ടു എന്നറിയില്ല. "വീരചരിതങ്ങള്‍" പാഠപുസ്തക ങ്ങളോടൊപ്പം റബ്ബര്‍നാടയില്‍ സുരക്ഷിതമായി കിടന്നു കുറേക്കാലം. പാറയില്‍ കൊത്തിവച്ചതുപോലെ സോക്രട്ടീസിന്റെ ചിത്രം ഇന്നും മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നതിനു കാരണം എരുമേലിയുടെ ഹൃദയത്തില്‍ തൊടുന്ന, സൗമ്യമായ ആഖ്യാനശൈലിതന്നെ.
സോക്രട്ടീസിനെ കൂടാതെ, ശിവാജി, ജോണ്‍ ഓഫ് ആര്‍ക്ക് തുടങ്ങി പലരുടെയും വീരചരിതങ്ങള്‍ ആ പുസ്തകത്തിലുണ്ടായിരുന്നു. എരുമേലി പരമേശ്വരന്‍പിള്ള എന്ന പേര് ഒരിക്കലും ഇറക്കിവിടാന്‍ കഴിയാത്തവിധം മനസ്സില്‍ വാസമുറപ്പിച്ചുകഴിഞ്ഞിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ നാഷണല്‍ ബുക്സ്റ്റാളിന്റെ
പുസ്തകോ ത്സവത്തില്വച്ച് എരുമേലിയുടെ "സമീക്ഷ" എന്ന കൊച്ചുപുസ്തകം
വാങ്ങുകയുണ്ടായി. വായിച്ചുതുടങ്ങിയപ്പോള്‍ തികട്ടിവന്നത് പഴയ സോക്രട്ടീസിന്റെ
വിശ്വാസദൃഢത തന്നെ. സത്യാന്വേഷണം മരണംവരെ പിന്തുടരുകയും മാനസികവും ആത്മീയവുമായ പരിപൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കുകയും സര്‍വോപരി മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സോക്രട്ടീസിന്റെ
പ്രതിരൂപമായി എരുമേലിയെ "സമീക്ഷ"യില്‍ വായിച്ചെടുക്കാന്‍ സാധിച്ചു എന്നത് ഒട്ടും അതിശയോക്തിപരമല്ല. നന്മ എന്ന ഒരൊറ്റ ആശയത്തില്‍ ധാര്‍മിക ചിന്തകളെ ഒതുക്കിനിര്ത്താമെന്നും പരിമിതപ്പെടുത്തിയ സ്വതന്ത്രബുദ്ധിയും ദീര്‍ഘവീക്ഷണ രാഹിത്യവും എഴുത്തുകാരന്റെ സര്‍ഗഭാവനയെ തളര്‍ത്തിക്കളയുന്നുവെന്നും എരുമേലി നിരീക്ഷിക്കുന്നുണ്ട്. പിന്നീട് അധ്യാപക വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഏരുമേലി എഴുതിയ വിദ്യാഭ്യാസ മനഃശാസ്ത്രം വിദ്യാലയഭരണവും സംഘാടനവും എന്നീ പുസ്തകങ്ങളുമായി
അടുത്തിടപഴകാനുള്ള സന്ദര്‍ഭമുണ്ടായി. പരീക്ഷയില്‍ മാര്‍ക്കുനേടാന്‍ മാത്രമുള്ള വായനയായാണ് തുട ങ്ങിയതെങ്കിലും
പിന്നീട് അധ്യാപ ന ജീവിതത്തില്‍ ആ പുസ്തക ങ്ങള് വഴികാട്ടിയായി. പാഠ്യപദ്ധതിയും സമീപനവും മാറിമാറി വരുമ്പോഴും എരുമേലിയുടെ വിദ്യാഭ്യാസ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസ ത്തിന്റെ ലക്ഷ്യം എന്ന സോക്രട്ടീസ് വചനം തന്നെയാണ് എരുമേലിയുടെ വിദ്യാഭ്യാസകൃതികളുടെ അടിയൊഴുക്ക്.
എണ്‍പതുകളുടെ അവസാനം ഒന്നോ രണ്ടോ കഥകള്‍ വാരിക കളില്‍ അച്ചടിച്ചുവന്നപ്പോള്‍ ആരെങ്കിലും അവ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതിയതല്ല. "മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ" എന്ന ഗ്രന്ഥത്തിന്റെ,
അക്കാലത്തിറങ്ങിയ പതിപ്പില്‍ ആ കഥകളെ പരാമര്‍ശിച്ച് എഴുതിയത് വായിച്ച് അത്ഭുതപ്പെട്ടു. ഗേറ്റിനു പുറത്തുനിന്ന് സാഹിത്യത്തെ അമ്പരപ്പോടെ നോക്കി നില്ക്കുക മാത്രം ചെയ്തുകൊണ്ടിരുന്ന
എന്നെ പിടിച്ചുവലിച്ച് കൊണ്ടുവന്ന് വരാന്തയിലെങ്കിലും ഇരിക്കാന്‍ ആദ്യമായി അനുവദിച്ചത് എരുമേലി ആയിരുന്നു. ആ പുസ്തകത്തിന്റെ പിന്നീടുള്ള ഓരോ എഡിഷനുകളിലും കഥകളെ തേടിപ്പിടിച്ച് ഒരു വരിയിലും പല വരികളിലും പാരഗ്രാഫിലും വിലയിരുത്തല്‍ വികസിക്കുന്നത് കൗതുകത്തോടെ ഞാന്‍ കണ്ടുനില്‍ക്കുകയായിരുന്നു. സാഹിത്യത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിക്കുകയും മുന്‍വിധികളോ പക്ഷപാതിത്വമോ ഇല്ലാതെ അവതരിപ്പിക്കുകയും
ചെയ്യുന്ന മറ്റൊരു സാഹിത്യചരിത്രകാരന്‍
ഇല്ല. എണ്ണൂറോളം പേജുകള്‍ വരുന്ന ഈ പുസ്തകത്തില്‍ മലയാള ത്തിലെ വലുതും ചെറുതുമായ എല്ലാ എഴുത്തുകാര്‍ക്കും ഇടം നല്കിയിരിക്കുന്നു എന്നത് നിസ്സാര സംഗതിയല്ല. ശക്തി അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് അബുദാബിയിലേക്ക് യാത്ര പുറപ്പെട്ടത്, അതിന്റെ തുടക്കം മുതലുള്ള സംഘാടകരിലൊരാളായ എരുമേലിക്കൊപ്പമായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ വന്ന മകള്‍ പ്രതിഭ "അച്ഛനെ ശ്രദ്ധിക്കണേ" എന്ന് കൂടെക്കൂടെ ഓര്‍മിപ്പിച്ചിരുന്നു.
എന്നാല്‍ യാത്രകളില്‍നിന്ന് സവിശേഷമായ ഊര്‍ജം നേടുക യും അതുവഴി ശാരീരികമായ അസ്വസ്ഥതകളെ മറികടക്കുകയും ചെയ്യുന്ന എരുമേലിയെയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടത്തില്‍
കൈവിട്ടു പോകാതിരിക്കാന്‍ മുറുകെ പിടിച്ചുനടക്കുന്ന
പിതാവിന്റെ സംരക്ഷണം തിരിച്ചിങ്ങോട്ട് ലഭിക്കുകയായിരുന്നു. കൊച്ചുകുട്ടിയെ പോലെ ഞാന്‍ ആ തണല്വഴിയിലൂടെ ഒതുങ്ങിനടന്നു. അബുദാബിയിലെത്തിയപ്പോള്‍ ആവേശപൂര്‍വമാണ് ശക്തി പ്രവര്‍ത്തകര്‍ വരവേറ്റത്. ഇത്രയധികം ആരാധകരുള്ള എഴുത്തുകാരനാണ് എരുമേലി എന്ന് അപ്പോഴാണ് മനസ്സിലാവുന്നത്. കേവലം പ്രവാസികളുടെ ഒരു സംഘടന എന്നതിലപ്പുറം
ദിശാബോധമുള്ള ഒരു ജനകീയ പ്രസ്ഥാനമായി ശക്തിയെ മാറ്റിയെടുക്കാന്‍
പങ്കുവഹിച്ചവരില്‍ ചെറുതല്ലാത്ത സ്ഥാനം എരുമേലിക്കുണ്ട്.
മനുഷ്യപക്ഷം ചേര്‍ന്ന് സൃഷ്ടി നടത്തുന്ന എഴുത്തുകാരെയും കലാകാരന്മാരെയും കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശക്തിക്ക് എന്നും തുണയായിട്ടുള്ളത്
എരുമേലിയാണ്. അതുകൊണ്ടുതന്നെ എരുമേലിയുടെ വരവില്‍ ശക്തിയുടെ പ്രവര്‍ത്തകര്‍ക്ക് പൊടുന്നനെ ഊര്‍ജസ്വലത കൈവന്നു. അവാര്‍ഡുദാന ചടങ്ങിലും അനുബന്ധ പരിപാടികളിലും
ഒരു എരുമേലി സ്പര്‍ശം അനുഭവിക്കാന്‍ കഴിഞ്ഞു. നിരന്തരമായ യാത്രകള്‍ കൊണ്ടും മികച്ച സംഘാടനംകൊണ്ടും ആളുകളുമായുള്ള സൗഹാര്‍ദപരമായ ഇടപെടല്‍കൊണ്ടും പരന്ന വായനകൊണ്ടുമാണ് എരുമേലി വാര്‍ധക്യത്തിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പുരോഗമന സാഹിത്യസംഘടന യുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍
സച്ചിദാനന്ദന് അടക്കമുള്ള എഴുത്തുകാര്‍ സംബ ന്ധിക്കുകയുണ്ടായി.
പുരോഗമന സാഹിത്യസംഘടന എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകളും സംവാദ ങ്ങളുംകൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി. ഇടയ്ക്കെപ്പോഴോ
പുരോഗമന സാഹിത്യത്തിന്റെ യഥാര്‍ഥ സത്തയില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള സംവാദത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍,
എല്ലാം നിശ്ശബ്ദമായി കേള്‍ക്കുകയും ഒടുവില്‍ സ്വതസിദ്ധമായ ശൈലിയില്‍ തികഞ്ഞ ആത്മസംയമനത്തോടെ
സ്വന്തം നിലപാടില്‍ അടിയുറച്ചുനിന്നുകൊണ്ട് ഒരുപിടി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ശുദ്ധ സാഹിത്യമെന്ന പേരില്‍ തന്നില്‍തന്നെ മുളപ്പിച്ചെടുക്കുന്ന സങ്കല്പങ്ങള് വാരിവിതറുന്നതുകൊണ്ട് സമൂഹത്തിന് എന്തു സംഭാവനയാണ് എഴുത്തുകാരന് നല്‍കുന്നത്? സമൂഹത്തെ നന്നാക്കാമെന്ന് തങ്ങള്‍ അച്ചാരം കെട്ടിയിട്ടില്ല എന്ന് "അകം" നോക്കികളായ എഴുത്തുകാര്‍ പറയുന്നത് ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്നുള്ള ഒളിച്ചോടലല്ലേ? ടൗണ്‍ഹാളിന്റെ ഒരു മൂലയിലിരുന്ന് ഞാന്‍ സോക്രട്ടീസിനെ
അനുഭവിക്കുകയായിരുന്നു. "എന്താണ് മനോഹരമായത്?" എന്ന് പണ്ഡിതനായ ഹിപ്പിയാസിനോട് ഒരിക്കല്‍ സോക്രട്ടീസ് ചോദിച്ചുവത്രെ! സുന്ദരിയായ കന്യക. ഒട്ടും കാത്തുനില്‍ക്കാതെ ഹിപ്പിയാസ് മറുപടി പറഞ്ഞു. സോക്രട്ടീസ് വിയോജിച്ചു. അദ്ദേഹം ഒരു സൂചന കൂടി നല്കുകയുണ്ടായി. എല്ലാ വസ്തുക്കളേയും
സുന്ദരമാക്കിത്തീര്‍ക്കുന്ന വസ്തു ഏത്? സ്വര്‍ണം, സ്വര്‍ണം... ആവേശത്തോടെയായിരുന്നു ഹിപ്പിയാസിന്റെ
മറുപടി. ഉത്തരം കേട്ട് നിരാശയിലായ സോക്രട്ടീസ് ഒടുക്കം തന്റെ നിലപാട് പ്രഖ്യാപിച്ചു. മനുഷ്യന് പ്രയോജനമുള്ള വസ്തുക്കളാണ് ഏറ്റവും സുന്ദരം. അപ്പോള്‍ ഒരു ചാണകത്തൊട്ടി സുന്ദരവസ്തുവാണോ? ഹിപ്പിയാസിന്റെ സംശയം.
തീര്‍ച്ചയായും. ഒരാവശ്യവുമില്ലാത്ത പൊന്പരിചയേക്കാള് കാര്യത്തിനു കൊള്ളുന്ന ചാണകത്തൊട്ടിയാണ് സുന്ദരം. സാഹിത്യത്തിന്റെ
പ്രയോജനമൂല്യത്തെ സംബന്ധിച്ച തന്റെ നിലപാടുകള്‍ "സമീക്ഷ" യില്‍ എരുമേലി അടയാളപ്പെടുത്തുന്നുണ്ട്. സാഹിത്യം കേവലമായ പ്രചാരവേല നടത്തി അധഃപതിക്കുന്നു എന്ന് ശുദ്ധ കലാവാദികള്‍ ആക്ഷേപിച്ചാല്‍ അവരോട് ചോദിക്കേണ്ടത്
ഇത്രമാത്രം. സാഹിത്യം സാഹിത്യത്തിനുവേണ്ടിയോ അതോ മനുഷ്യര്‍ക്കു വേണ്ടിയോ. മനുഷ്യര്‍ക്കു വേണ്ടിയാണെങ്കില്‍
അതില്‍ പ്രചാരണ ത്തിന്റെ- ജീവിതബോധ പ്രചാരണത്തിന്റെ അംശം ഉണ്ടായിരിക്കും.
ജീവിതാന്ത്യംവരെ സ്വന്തം നിലപാടില്‍ അടിയുറച്ച് നില്ക്കാന് കഴിഞ്ഞു എന്നതാണ് എരുമേലിയെ വ്യത്യസ്തനാക്കുന്നത്. കളം മാറ്റി ചവിട്ടിയിരുന്നെങ്കില്‍, രാഷ്ട്രീയബോധത്തില്‍ ഇത്തിരി വെള്ളം ചേര്ത്തിരുന്നെങ്കില്, സാമൂഹ്യാപചയ ങ്ങളെ കണ്ടില്ലെന്നു
നടിച്ചിരുന്നെങ്കില്‍, അധികാരകേന്ദ്രങ്ങളുടെ ആശീര്‍വാദങ്ങള്‍ ആവോളം അനുഭവിക്കാനാകുമായിരുന്നു.
അംഗീകാരങ്ങള്‍ പടിക്കല്‍ വന്നു കാത്തുനില്ക്കുമായിരുന്നു. പൊതു സ്വീകാര്യത യുടെ വര്‍ണശബളിമയില്‍ അഭിരമിക്കാമായിരുന്നു. മാധ്യമങ്ങളുടെ പരിലാളനകള്കൊണ്ട് താരപരിവേഷം കൈവരുമായിരുന്നു. തെസല്ലിയിലെ രാജകുമാരന് സോക്ര ട്ടീസിനോട് ഞങ്ങളുടെ രാജസഭയിലേക്ക് ക്ഷണിക്കുന്നുവെന്നും പാരിതോഷികങ്ങള്‍ എത്ര വേണമെങ്കിലും തരാമെന്നും കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. എന്റെ ആഗ്രഹങ്ങള്‍ പരിമിതമാണെന്നും മറ്റുള്ളവരില്‍നിന്ന് യാതൊരു ആനുകൂല്യവും തനിക്കു വേണ്ടെന്നും പണം കൊടുക്കാതെ തന്ന ഏതന്‍സില്‍ യഥേഷ്ടം ശുദ്ധജലം ലഭിക്കുന്നുണ്ടെന്നും, ആയിരുന്നു സോക്രട്ടീസിന്റെ മറുപടി. ദശാബ്ദങ്ങള്ക്കുമുന്പ് സോക്രട്ടീസിനെകുറിച്ചുള്ള ആശയങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുമ്പോള്‍ താന്‍ നടക്കാനുദ്ദേശിക്കുന്ന വഴികള്‍ മനസ്സില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടാകണം.