Saturday, May 26, 2012


കഥനത്തിന്റെ നാടകവഴികള്‍

May 18, 2012 · Posted in Authors, Books 
എന്‍ .ശശിധരന്‍
അനുഭവങ്ങളുടെയും ആശയങ്ങളുടെയും ചരിത്രവത്കരണം ഏറ്റവുമധികം സംഭവിക്കുന്ന കലാരൂപമാണ് നാടകം. സമൂഹത്തിന്റെ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രപരിസരമാണ്  ഈ ചരിത്രവത്കരണത്തിന്റെ അടിത്തറ. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സര്‍ഗ്ഗാത്മകവും വിമര്‍ശനാത്മകവുമായ ചരിത്രപാഠങ്ങള്‍ എന്ന നിലയില്‍നാടകത്തിനുള്ള സ്ഥാനം ഇന്ന് ഏറക്കുറെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതരകലാരൂപങ്ങളില്‍നിന്ന് നാടകത്തെ വ്യത്യസ്തമാക്കുന്ന അതിന്റെ ജൈവികതയും സംവാദശേഷിയും തിരിച്ചുപിടിക്കാനാവാത്തവിധം, നിര്‍മമവും നിസ്സംഗവുമായിരിക്കുന്നു നമ്മുടെ മനസ്സുകള്‍ . ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്ത ഒരു കലാരൂപം, സമകാലജീവിതവ്യാഖ്യാനങ്ങള്‍ക്ക് ശേഷിയില്ലാതെ നിഴലിടങ്ങളില്‍ ഒളിച്ചുകഴിയുന്ന കാഴ്ച വേദനാകരമാണ്. സൂക്ഷ്മത്തില്‍നിന്ന്സ്ഥൂലത്തിലേക്കും ആഴത്തില്‍നിന്ന് പരപ്പിലേക്കും സാമൂഹികതയില്‍നിന്ന്വൈയക്തികതയിലേക്കുമുള്ള നമ്മുടെ ബോധപരിണാമംകൂടി നാടകത്തിന്റെ ഈ വിപര്യയം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചെറുകഥ, നോവല്‍ തുടങ്ങിയ സാഹിത്യരൂപങ്ങളിലും ചലച്ചിത്രങ്ങളിലും നാടകത്തിന്റെ പ്രതിനിധാനങ്ങള്‍ നന്നേ കുറഞ്ഞുവരുന്ന കാലമാണിത്. വിലകുറഞ്ഞ ഹാസ്യത്തിനും അതിശയോക്തിപരമായ ഭൂതകാല പ്രകീര്‍ത്തനങ്ങള്‍ക്കുംവേ്യുിയല്ലാതെ നാടകം അനുസ്മരിക്കപ്പെട്ടു കാണാറില്ല. നാടകം മുഖ്യപ്രമേയമായി വരുന്ന ടി.പി. വേണുഗോപാലന്റെ ‘സൈഡ് കര്‍ട്ടന്‍ ‘ എന്ന സമാഹാരത്തിലെ പതിനൊന്നു കഥകള്‍ ഒന്നിച്ചു വായിച്ചപ്പോള്‍, നാടകത്തിന്റെയും ചരിത്രത്തിന്റെയും വര്‍ത്തമാനകാല വൈരുദ്ധ്യങ്ങളെക്കുറിച്ച് ആലോചിച്ചുപോയി. നാടകത്തെ മുഖ്യ അനുഭവമണ്ഡലമാക്കി ഇത്രയേറെ കഥകള്‍ സമീപകാലത്ത് മറ്റാരും എഴുതിക്കണ്ടിട്ടില്ല. പക്ഷേ, നാടക പശ്ചാത്തലത്തില്‍ എഴുതിയ കഥകള്‍ എന്ന നിലയില്‍ മാത്രമല്ല അവയുടെ സാംഗത്യം. നാടകം എന്ന കലാരൂപത്തിന്റെ ജൈവസ്വഭാവവും രൂപപരമായ  സവിശേഷതകളും കഥാഖ്യാനത്തിന്റെ നവീനസാദ്ധ്യതകളായി ഉപയോഗപ്പെടുത്തുകയാണ് വേണുഗോപാലന്‍. ചെറുകഥയില്‍ അന്യഥാ പരിക്ഷീണമായിക്കഴിഞ്ഞ പരീക്ഷണോന്മുഖതയുടെ മറ്റൊരു രൂപം എന്ന നിലയില്‍ തള്ളിക്കളയാവുന്നവയല്ല ഈ കഥകള്‍ . വെളിച്ചത്തിനും ഇരുട്ടിനുമിടയില്‍, അഥവാ അരങ്ങിനും സദസ്സിനുമിടയില്‍ നാടകം സാദ്ധ്യമാക്കുന്ന സാമൂഹികമായ സംവാദാത്മകതയെ ചെറുകഥ എന്ന സൂക്ഷ്മമാധ്യമത്തിലേക്കു സന്നിവേശിപ്പിച്ചു പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുവാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. വര്‍ത്തമാനകഥാസാഹിത്യത്തിന് വലിയൊരളവില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പുനരാനയിക്കുവാനും ഈ സങ്കേതം സഹായകമാവുന്നുണ്ട്.
ജനപ്രിയതയും വിശ്വാസ്യതയും നഷ്ടപ്പെട്ട് ആര്‍ക്കും വേണ്ടാത്ത കലാരൂപമായി മാറിയ നാടകത്തിന്റെ വര്‍ത്തമാന അവസ്ഥയെ പ്രാഥമികമായി അഭിസംബോധന ചെയ്തുകൊണ്ടാണ് ടി.പി. വേണുഗോപാലന്‍ ഈ നാടകകഥകള്‍ എഴുതിയിരിക്കുന്നത്. പക്ഷേ, നാടകത്തിന്റെ നഷ്ടങ്ങളെ തന്റെ മാധ്യമമായ ചെറുകഥയുടെ നേട്ടങ്ങളാക്കുന്ന അപൂര്‍വ്വമായ ഒരു പരിചരണരീതിയാണ് എല്ലാ കഥകളിലും കാണുക. നാടകീയമായ ജീവിത മുഹൂര്‍ത്തങ്ങളും നാടകീയസ്വഗതാഖ്യാനങ്ങളും വൈകാ
രികസംഘട്ടനങ്ങളിലൂടെ ഉരുത്തിരിയുന്ന ആഖ്യാനപരമായ കുതിപ്പുകളും സന്നിവേശിപ്പിക്കുകവഴി കഥാകാരന്‍ സാക്ഷാത്കരിക്കുന്ന ഭാവുകത്വലോകത്തിന് ചിലപ്പോള്‍ എപ്പിക് മാനങ്ങളുള്ള ഒരു നാടകത്തിന്റെ സമഗ്രതയും ദര്‍ശനപരതയും ആര്‍ജ്ജിക്കാന്‍ കഴിയുന്നുണ്ട്.
പ്രേതമായി അഭിനയിക്കുന്ന ഒരു നടന്റെ ആത്മഭാഷണത്തിലൂടെ (‘സൈഡ് കര്‍ട്ടന്‍ ‘ എന്ന കഥ) കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നത് നാടകത്തിനപ്പുറത്തുള്ള ജീവിതത്തിന്റെ തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളാണ്. എല്ലാത്തരം സര്‍ഗ്ഗാത്മക പ്രവൃത്തികളെയും അസംബന്ധമാക്കുന്ന ഒരു പ്രതിസംസ്‌കാരത്തോടാണ് നാടകകഥകളിലെ കഥാപാത്രങ്ങള്‍ ഏറ്റുമുട്ടുന്നത്.നാടകകലയുടെ സാമൂഹികസാംഗത്യം അംഗീകരിക്കുമ്പോള്‍തന്നെ നാടകത്തിലെ അഭിനേതാക്കളെയും നാടകപ്രവര്‍ത്തകരെയും നിന്ദാപൂര്‍വ്വം വീക്ഷിക്കുന്ന ഒരു സംസ്‌കാരം മലയാളികള്‍ക്ക് പണ്ടുമുതലേയുണ്ട്. ധാര്‍മ്മികവും സദാചാരപരവുമായ മലയാളിയുടെ ആത്മവഞ്ചനകള്‍ക്ക് മേഞ്ഞു നടക്കാന്‍ നാടകംപോലെ മറ്റൊരിടം ഉണ്ടായിരുന്നില്ല. ‘സൈഡ് കര്‍ട്ടന്‍ ‘ എന്ന സമാഹാരത്തിലെ എല്ലാ കഥകളിലും ഈ ഹിപ്പോക്രസി പല വിതാനങ്ങളില്‍ സ്ഥാപനവത്കരിക്കപ്പെടുന്നുണ്ട്. അവയിലെ നര്‍മ്മവും രൂക്ഷപരിഹാസവിമര്‍ശനങ്ങളും നമ്മുടെ സാംസ്‌കാരിക നിശ്ശബ്ദതകളെ ഭഞ്ജിക്കാന്‍ ശേഷിയുള്ളവയാണ്.