Wednesday, October 12, 2011

സ്വാഗത ഗാനം
(സബ് ജില്ലാ കലോല്‍സവം 2010-11
EMS സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാപ്പിനിശ്ശേരി)

അഭിവാദനം, അഭിവാദനം
അക്ഷരോദ്യാനത്തിലായിരം
കുസുമങ്ങള്‍
വിരിയിക്കുവാന്‍ വന്ന
പുലരിതന്‍ കിരണങ്ങളേ - അഭിവാദനം

അടിയാളരേ മണ്ണില്‍ പണിയെടുക്കുന്നോരെ
ഇരുകാലില്‍ ഉയിരോടെ നില്‍ക്കാന്‍ പഠിപ്പിച്ച
യുഗശില്‍പിതന്‍ ധീര-
സ്മരണകള്‍ പൂക്കുമീ
പൂങ്കാവനത്തിലേക്കരുളുന്നു, സ്നേഹാര്‍ദ്ര സ്വാഗതം, സ്വാഗതം

ഈ വഴിയില്‍ വീഴുമീ
ചെറുകിരണമൊരുനാളില്‍
വഴികാട്ടുമുജ്ജ്വലവെളിച്ചമാവാം.
തൊടിയിലെ തളിരിലയില്‍
ആദ്യമായ് ചിന്നിയ
ചെറുതുള്ളി, സൗരഭ്യവര്‍ഷമാവാം
ഒരുപൂവസന്തത്തിനാദിയാകാം
ഒരീണം, അതിമധുര സംഗീതമാവാം.

ഈ തരു വൃന്ദത്തിലായിരം പക്ഷികള്‍
പാടുന്നിതാര്‍ദ്രഗീതം
ഈ വഴിത്താരയില്‍ ആയിരം ദീപങ്ങള്‍
മായ്ക്കുന്നിതന്ധകാരം.

പലതുണ്ട് കൈവഴികള്‍, പല നീരൊഴുക്കുകള്‍
പല നദീസാരണികള്‍, നിര്‍ഝരികള്‍
പലതുണ്ട് ഭാവനകള്‍, പല രാഗതാളങ്ങള്‍
പല ശബ്ദവര്‍ണ്ണങ്ങള്‍, ദര്‍ശനങ്ങള്‍

ഓരോന്നുമോരോന്നുംഒരുമനസ്സോടെ

ഒഴുകിയെത്തുന്നൊരീതിരയാഴിയില്‍

കലയുടെവിസ്മയരത്നാകാരത്തില്‍
കവിതയുടെസ്വച്ഛന്ദസാഗരത്തില്‍
ഒരുമയുടെസംഗീതസംഗമത്തില്‍


-ടി.പി.വേണുഗോപാലന്‍
===================================================