ലേഖനം
അങ്ങനെ ആയിത്തീരാനുള്ള കാരണങ്ങള്
കെ.ടി.ബാബുരാജിന്റെ കുട്ടികള്ക്കുവേണ്ടിയുള്ള നോവലുകളിലൂടെ ഒരു സഞ്ചാരം
മുന്വിധികളില്ലാതെയാണ്
കുട്ടികള്‍ ലോകത്തെ നോക്കിക്കാണുന്നത്.
അവരുടെ, സ്വാതന്ത്ര്യവും നിര്ഭയവുമായ സഞ്ചാരത്തെ മുതിര്ന്നവരുടെ 'പിടിച്ച പിടി'കളും 'വരച്ച വര'കളും തടസ്സപ്പെടുത്തുന്നു. വികലമായ ശാസനകളും, വിരസമായ ഉപദേശങ്ങളും, സ്വാര്ത്ഥതയിലധിഷ്ഠിതമായ
സ്നേഹപ്രകടനങ്ങളും
കുട്ടികളുടെ സ്വതന്ത്രഭാവനയ്ക്ക്
വിഘാതമാകുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലേക്ക്
കുട്ടികളെ ഇടിച്ചു കയറ്റുന്നതിനിടയില്‍
സ്നേഹവും നന്മയും മനുഷ്യത്വവും ചോര്ന്നുപോകുന്നു. അറിവു
നേടാനുള്ള പരക്കം പാച്ചിലിനിടയില്‍ തിരിച്ചറിവ് കൈയ്യൊഴിയേണ്ടി വരുന്നു. സമൂഹം
അന്ധകാരത്തില്‍
നിന്ന് അന്ധകാരത്തിലേക്ക് വഴുതിവീഴുകയാണെന്ന് അതിന്റെ കാരണക്കാര്‍ തന്നെ
പേര്ത്തും പേര്ത്തും വിലപിച്ചുകൊണ്ടിരിക്കുന്നു. ഈ
ദശാസന്ധികളില്‍
നിന്ന് കരകയറാന്‍ കുട്ടികള്ക്ക്
ആകെയുള്ള കച്ചിത്തുരുമ്പ്
പുസ്തകങ്ങളാണെന്ന്
പൊതുവെ വിലയിരുത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ക്കു
വേണ്ടി പടച്ചുവിടുന്ന പുസ്തകങ്ങളില്‍ പാതിയിലധികം പതിരായി മാറുന്ന ദുരന്തം നാം
അനുഭവിക്കുന്നുണ്ട്.
കുട്ടികളുടെ മാനസികവ്യാപാരങ്ങള്‍
തിരിച്ചറിയാതെ
നടത്തുന്ന വൃഥാവ്യായാമങ്ങളായി
പല ബാലസാഹിത്യകൃതികളും മൂക്കുകുത്തി വീഴുകയാണ്. എങ്കിലും കുട്ടികള്ക്ക്
നന്മയുടെ വെളിച്ചം പകരാനുള്ള ഊര്ജ്ജസ്രോതസ്സുകളായി ചില
ബാലസാഹിത്യകൃതികള്‍
ഇടക്കെങ്കിലും
പ്രത്യക്ഷപ്പെടാറുണ്ട്.
കെ.ടി.ബാബുരാജിന്റെ അടുത്തിടെ പുറത്തിറങ്ങിയ മഴനനഞ്ഞ ശലഭം,
പുളിമധുരം, സാമൂഹ്യപാഠം എന്നീ നോവലുകള്‍ കുട്ടികളുടെ മനസ്സിലേക്ക് തുറന്നുവെച്ച കണ്ണാടികളായി അനുഭവപ്പെടുന്നുണ്ട്. നന്മയുടെയും മനുഷ്യത്വത്തിന്റെയും അര്ത്ഥമറിയാനുള്ള
തീര്ത്ഥയാത്രകളാണ് ഈ
പുസ്തകങ്ങള്‍.
'കാലത്തിന് മുറിവുകളെ ഉണക്കാനുള്ള കഴിവുണ്ട്. അപ്പോഴും വേദനിപ്പിക്കുന്ന ചില
ഓര്‍മ്മകള്‍ ബാക്കിയുണ്ടാവും.' അങ്ങനെ
ബാക്കിയായ സങ്കടങ്ങളാണ് ഈ നോവലുകളില്‍ കെ.ടി.ബാബുരാജ് പങ്കുവെക്കുന്നത്. കുട്ടികള്ക്കുവേണ്ടി എഴുതപ്പെട്ടതാണെങ്കിലും മുതിര്ന്നവരുടെ വിചാരവികാരങ്ങളുമായി
ഹൃദയൈക്യം സ്ഥാപിക്കുന്നുണ്ട്
ഈ രചനകള്‍.
'ഈ ലോകത്ത് ഒരുപാട് നന്മകളുണ്ട്. നന്മ
ചെയ്യാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.' 'പുളിമധുര'ത്തില്‍ കന്യാസ്ത്രീ പറയുന്ന വാക്കുകള്‍ ബാബുരാജിന്റെ രചനകളുടെ അന്തര്ധാരയാണ്. മൂകതയും ഏകാന്തതയും മറികടക്കാന്‍ തിടുക്കപ്പെടുന്ന
മനസ്സാണ് 'മഴനനഞ്ഞ ശലഭ'ത്തിന്റെ പ്രാണന്‍. കേവലം
ഒരു ബാലസാഹിത്യകൃതിയല്ല ഇത്.
ശബ്ദമുഖരിതമായ
ഈ ലോകത്ത് മൂകതയ്ക്ക് ഇത്രയധികം മാനങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ മുതിര്ന്നവരുടെ മനസ്സിലാണ് കൊള്ളുന്നത് അഥവാ കൊള്ളേണ്ടത്. ആള്ത്തിരക്കും ആര്ത്തിരമ്പലും അടയാളവാക്യമായ പുതിയലോകത്തിന്റെ ഹൃദയത്തില്‍ തന്റെ
ജന്മസുകൃതമായ മൂകതയും ഏകാന്തതയുംകൊണ്ട്
ഒരു സൂചികുത്തുപോലെ പോറലേല്പിക്കുകയാണ് അമ്മു.
ചായപ്പെന്സില് കൊണ്ട് ചുവരില്‍ വരച്ച
ചിത്രശലഭത്തിന്
നിറജീവന് നല്‍കിക്കൊണ്ടാണ്
അമ്മു പ്രതിരോധത്തിനുള്ള ആയുധമണിയുന്നത്. സങ്കടങ്ങളില്‍ കണ്ണീരൊപ്പാന്‍ എന്നും
കൂട്ടിനുണ്ടായിരുന്ന
സാങ്കല്പിക ചിത്രശലഭം ഒടുക്കം അവളെ തനിച്ചാക്കി, ജീവിതത്തിലെ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുകയാണ്. 'ഹെന്ട്രിയന് ട്വിസ്റ്റ്' പോലെ, 'അമ്പരപ്പിക്കുന്ന കഥാന്ത്യം' അനുഭവിപ്പിക്കുകയാണിവിടെ.
'അമ്മുവിനറിയില്ലേ, ഈ
ഭൂമിയില്‍ കുറച്ച് ആയുസ്സുള്ളവരാണ്
ഞങ്ങള്‍. ഏതാനും ദിവസങ്ങളുടെ ആയുസ്സ്. പക്ഷെ
ഞങ്ങളേക്കാള്‍ ആയുസ്സുണ്ട് അമ്മു വരക്കുന്ന ഞങ്ങളുടെ ചിത്രങ്ങള്ക്ക്.'
കലയുടെ
ശാശ്വതസത്യത്തിലേക്കാണ്
ഇവിടെ പൂമ്പാറ്റ ചിറകുവിടര്ത്തുന്നത്. അമ്മുവിന്റെ ചായപ്പെന്സിലിന്റെ തുമ്പത്ത് തന്റെ
സൗന്ദര്യത്തെ മുഴുവന്‍ കുടിയിരുത്തി പൂമ്പാറ്റ എങ്ങോട്ടോ പറന്നുപോവുകയാണ്.
'ഒച്ചയുണ്ടാക്കാതെ',
'തനിച്ച്', 'നിശബ്ദമായി', 'മെല്ലെ', 'പതുക്കെ', തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍
പ്രമേയത്തിനനുസൃതമായ
താളം കൈവരുന്നുണ്ട്. അമ്മുവിന്റെ നിശബ്ദവികാരങ്ങള് അതേ
തരംഗദൈര്ഘ്യത്തോടെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
'മഴനനഞ്ഞ ശലഭ'ത്തിലെ നിശ്ശബ്ദസ്നേഹം തന്നെയാണ് 'സാമൂഹ്യപാഠ'ത്തിലും 'പുളിമധുര'ത്തിലും ഉറവയെടുക്കുന്നത്. 'ഞങ്ങള്‍
കുട്ടികള്‍ സ്നേഹം കൊണ്ട് കോര്ക്കപ്പെട്ടവര്‍,
ഞങ്ങള്‍ക്കിടയില്‍ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളില്ല. ഈ
ലോകത്തിനു വേണ്ടി പ്രകാശം പരത്താന്‍, ഞങ്ങളെ
പുഞ്ചിരിക്കാനനുവദിക്കൂ.'
'സാമൂഹ്യപാഠ'ത്തിലെ ചുവരെഴുത്തിനപ്പുറം ഇത്
നോവലിസ്റ്റിന്റെ
പ്രഖ്യാപനം കൂടിയാവുന്നു. അതുകൊണ്ടാണ്, പുത്തന്സാങ്കേതികവിദ്യകളും
അറിവുകളും അതിനെല്ലാമപ്പുറത്ത്
പരസ്പരം സ്നേഹം അറിയാനും പങ്കിടാനുമുള്ള ഒരു
സ്മാര്ട്ട് ക്ലാസ്
റൂം പണിയാന്‍ തന്റെ
മകനു ലഭിച്ച പാരിതോഷികം ഉപയോഗിക്കണമെന്ന് അച്ഛന്
ആവശ്യപ്പെടുന്നത്.
അതുകൊണ്ടുതന്നെയാണ്
'പുളിമധുര'ത്തില്‍ എടുക്കാത്ത നാണയങ്ങളുടെ മൂല്യം
ചര്‍ച്ചയായപ്പോള്‍ മാഷ്
കുട്ടികളോട് 'ഇതില്‍ നിറയെ സ്നേഹത്തിന്റെ മണമാണ്'
എന്ന് പ്രഖ്യാപിക്കുന്നത്.
അടിസ്ഥാനപരമായി സേവനതല്പരരാണ് ഓരോ
കുട്ടിയും. സമൂഹമാണ് അവനവനിലേക്ക് ഒതുങ്ങിക്കൂടാന്‍
അവനെ പഠിപ്പിക്കുന്നത്. നാടിന്റെ സ്വൈര്യജീവിതത്തിന് വിഘാതമായി നില്ക്കുന്ന ഇരുട്ടിന്റെ ശക്തികളെ പുറത്തേക്ക് കൊണ്ടുവരാന്‍ കുട്ടികള്‍ കാണിക്കുന്ന ചങ്കുറപ്പ് അവരുടെ
സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച്
ഓര്മ്മിപ്പിക്കുന്നു. ഹെഡ്
മാസ്റ്റരും വിദ്യാഭ്യാസ ഓഫീസറും പോലീസുകാരും ഡോക്ടറും രക്ഷിതാക്കളും
അടങ്ങുന്ന പൊതുസമൂഹം അവരുടെ പ്രതിരോധത്തിന് ശക്തി
പകരുന്നുണ്ട്. ഇത് വേറിട്ട വീക്ഷണമാണ്. പ്രതിനായകരെ ഇരുട്ടിന്റെ മറവില്ത്തന്നെ നിര്ത്തുകയും നിത്യജീവിതത്തില്‍ കുട്ടികള്‍ ഇടപഴകുന്ന എല്ലാവരെയും നന്മയുടെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുകവഴി ബാലമനസ്സിലേക്ക് കളങ്കത്തിന്റെ ചെറുതീപ്പൊരിപോലും പതിയരുതെന്ന നോവലിസ്റ്റിന്റെ ശാഠ്യം
വ്യക്തമാക്കുന്നുണ്ട്.
തിന്മകളുടെ അഴിഞ്ഞാട്ടം അവസാനിച്ചപ്പോള്‍
പള്ളിക്കൂടത്തില്‍
ബാക്കിയായത് ഓടും പട്ടികകളും കുമ്മായക്കട്ടകളും കല്ലും
കരിഞ്ഞ കടലാസുകളും. പിന്നെ
ഉരുകിയൊലിച്ച ഗ്ലോബ്, ഉടഞ്ഞുപോയ ഗാന്ധിച്ചിത്രത്തിനുമേല് കരിഞ്ഞുണങ്ങിക്കിടക്കുന്ന രക്തത്തുള്ളികള്‍. അവനത്
തൊട്ടെടുത്തപ്പോള്‍
കുളിര്‍ക്കാറ്റ് വന്ന്
വാത്സല്യത്തോടെ
മൂടി. പ്രപഞ്ചത്തിന്റെ ഏതോ
കോണിലിരുന്ന് ടീച്ചറുടെ ഹൃദയാശ്ലേഷം. വിരലിലെന്തെന്ന
ചോദ്യത്തിന് അവന് ഒറ്റ ഉത്തരമേ ഉള്ളൂ,
സ്നേഹം.
'സാമൂഹ്യപാഠ'ത്തിലെ
പോലീസ് മേധാവി കുട്ടികളെ അഭിസംബോധന ചെയ്യുന്നത് 'സുന്ദരന്മാരെ, സുന്ദരികളെ' എന്നാണ്. പോലീസ്
എന്ന സങ്കല്പം തിരുത്തുകയാണിവിടെ. 'പുളിമധുര'ത്തിലെ
മാഷും കുട്ടികളെ ഇതേ
രീതിയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്.
അതിനുള്ള കാരണവും മാഷ് വ്യക്തമാക്കുന്നു. ഞാന്‍
സുന്ദരന്മാരെ സുന്ദരികളെ എന്നു വിളിച്ചത് സത്യത്തില്‍ നിങ്ങളൊക്കെ സുന്ദരന്മാരും സുന്ദരികളും ആയതുകൊണ്ടാണ്. ഈ
ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ളത്
കുട്ടികള്ക്കാണ്. സൗന്ദര്യം എന്നു
പറയുന്നത് ഇട്ടിരിക്കുന്ന
കുപ്പായത്തിന്റെ
സൗന്ദര്യമല്ല. തൊലിയുടെ സൗന്ദര്യമല്ല. മനസ്സിന്റെ സൗന്ദര്യമാണ്. മനസ്സിന് സൗന്ദര്യമുണ്ടാവണമെങ്കില്
മനസ്സില്‍ നന്മ വേണം. ഭാവന
വേണം. സ്വപ്നം കാണാനും കഴിയണം.
ദാരിദ്ര്യം, അനാഥത്വം, അംഗവൈകല്യം എന്നിവ
പോലുള്ള ജീവിതാവസ്ഥകള്‍
കുട്ടികളെ അപകര്ഷതാബോധത്തിലേക്ക് നയിക്കാറുണ്ട്. ആത്യന്തികമായി എല്ലാ
കുട്ടികളും സമന്മാരാണ് എന്ന കാഴ്ചപ്പാട് വളര്ത്തേണ്ടത് സമൂഹത്തെ നയിക്കുന്നവരുടെ
ഉത്തരവാദിത്വമാണ്.
പക്ഷേ പലപ്പോഴും അങ്ങനെ
സംഭവിക്കാറില്ല.
ബാബുരാജിന്റെ രചനകളുടെ പ്രത്യേകതകളിലൊന്ന്
കുട്ടികള്‍ പരിഗണന ആഗ്രഹിക്കുന്നവരാണ് എന്ന
മനഃശാസ്ത്രനിരീക്ഷണം
സമര്ത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണ്. 'സാമൂഹ്യപാഠ'ത്തിലെ
കുട്ടികള്ക്കെല്ലാം പൊതുസമൂഹത്തിന്
മുന്നേ നടക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. അപ്പുവിനെ കുറ്റപ്പെടുത്താന്‍ അവസരമുണ്ടായിട്ടും ആരും
അതിന് തുനിയാത്തതിന് കാരണവും പരിഗണനയുടെ മനഃശാസ്ത്രം തന്നെ.
'മഴനനഞ്ഞ ശലഭ'ത്തില്‍ മൂകതയെ
അതിജീവിക്കാന്‍
സാങ്കല്പികചിത്രശലഭത്തെ
കൂട്ടുപിടിക്കാനുള്ള
കാരണവും മറ്റൊന്നല്ല.
'പുളിമധുര'ത്തില്‍,
ടീച്ചര്മാര്ക്കെല്ലാം തന്നെ
ഇഷ്ടമാണ് എന്ന് പൊടിക്കുട്ടന്‍ ഇടയ്ക്കിടെ ആലോചിക്കുന്നതും പരിഗണന
എന്ന ഊര്ജ്ജം
തേടാനാണ്. പൊടിക്കുട്ടനെ
മറ്റൊരു കുട്ടി 'കരിമ്പന്‍' എന്നു
കളിയാക്കിയപ്പോള്‍
'കറുത്തത് കസ്തൂരിയും വെളുത്തത് വെണ്ണീരും' എന്ന ടീച്ചറുടെ പ്രഖ്യാപനവും അപകര്ഷതാബോധം അകറ്റാനുള്ള മരുന്നുതന്നെ.
കുട്ടികള്‍ ആരായിത്തീരണം എന്ന് നിശ്ചയിക്കുന്നത് സമൂഹമാണ്. സമൂഹത്തിന്റെ പരിഗണനയും അവഗണനയും അവന്റെ വ്യക്തിത്വത്തെ ഗാഢമായി സ്വാധീനിക്കുന്നുണ്ട്. ഈ യാഥാര്ത്ഥ്യം തിരിച്ചറിയുന്നതിലൂടെ കെ.ടി.ബാബുരാജ് സമൂഹത്തിന് നേരം നിരവധി ചോദ്യചിഹ്നങ്ങള്‍ ഇടുകയാണ്.
കുട്ടികള്‍ ആരായിത്തീരണം എന്ന് നിശ്ചയിക്കുന്നത് സമൂഹമാണ്. സമൂഹത്തിന്റെ പരിഗണനയും അവഗണനയും അവന്റെ വ്യക്തിത്വത്തെ ഗാഢമായി സ്വാധീനിക്കുന്നുണ്ട്. ഈ യാഥാര്ത്ഥ്യം തിരിച്ചറിയുന്നതിലൂടെ കെ.ടി.ബാബുരാജ് സമൂഹത്തിന് നേരം നിരവധി ചോദ്യചിഹ്നങ്ങള്‍ ഇടുകയാണ്.
മറ്റു
ബാലസാഹിത്യകൃതികളില്‍
നിന്ന് ബാബുരാജിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം
ഭാഷയുടെ ഇഴയടുപ്പമാണ്. ലളിതവും അകൃത്രിമവും അലങ്കാരരഹിതവുമായ
ഭാഷ ഉപയോഗിച്ചും സൂക്ഷ്മ ഭാവങ്ങള്‍ ആവിഷ്ക്കരിക്കാമെന്ന് ബാബുരാജ് തെളിയിക്കുന്നു. എഴുതിത്തഴക്കം വന്നവര്ക്കു
മാത്രമേ ഭാഷയിലുള്ള ഇത്തരം കൈയടക്കം സാദ്ധ്യമാകൂ. കഥ
പറച്ചിലിന്റെ പാരമ്പര്യരീതികളോട്
ഒട്ടൊക്കെ അകന്നു നില്ക്കുന്ന ഈ
നോവലുകള്‍ ഏറ്റവും പുതിയ കാലത്തെ കുട്ടികളോടും അവരുടെ
രക്ഷിതാക്കളോടും
തടസ്സമില്ലാതെ
സംവദിക്കുകയും
അവരുടെ അലസനിദ്രയെ അലോസരപ്പെടുത്തുകയും ചെയ്യും എന്നതില്‍ സംശയമില്ല.
No comments:
Post a Comment