ചരിത്രവും പൗരധര്‍മവും
അടിത്തട്ടില്‍ നിന്നും ആകാശം കാണാനെത്തിയ കൊച്ചു പയത്തി മീന്‍ ചിറകടിച്ചും വാലിളക്കിയും കറങ്ങി കളിക്കുകയായിരുന്നു. പൊടുന്നനെ കണ്ണുകള്‍ക്ക് മുന്നില്‍ വളഞ്ഞുനില്‍ക്കുന്ന ചൂണ്ട. ചൂണ്ടയുടെ കൂര്‍ത്ത മുനയില്‍ ജീവന്‍ കുടഞ്ഞു തീര്‍ക്കുന്ന മണ്ണിര.
പലവട്ടം വിഴുങ്ങാനോങ്ങിയതാണ്. കെണിയാണെന്ന തിരിച്ചറിവില്‍ പിന്തിരിഞ്ഞ് നീന്തും. വിശപ്പടക്കാന്‍ പറ്റാത്ത സങ്കടത്തിനു മീതെ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം പരന്നൊഴുകി. എന്നാലും ഒരു ചുറ്റിത്തിരിയലില്‍, ഒരു മുങ്ങാം കുഴിയിടലില്‍ സര്‍വം മറക്കുന്നു.
പിടയുന്ന മണ്ണിര പ്രലോഭനം തന്നെ.
ചൂണ്ട ബന്ധിച്ച നേര്‍ത്ത ചരട് അദൃശ്യമെങ്കിലും ദൃഢമാണ്. ചരടിന്റെ മറ്റേ അറ്റത്ത് കരയില്‍ വെറി പൂണ്ട് ഒരു ചൂണ്ടക്കാരനിരിപ്പുണ്ട്. ദുര്‍ബല ചിത്തരും വിവേക ശൂന്യരുമായ പല മീനുകള്‍ക്കും അബദ്ധം പിണയുന്നുണ്ട്. തൊണ്ടയില്‍ മുറിവേറ്റ് ചെകിളപ്പൂക്കളില്‍ തുളച്ചുകയറ്റിയ ഈര്‍ക്കിലില്‍ അവ ശ്വാസം വറ്റി മരിക്കുന്നുണ്ടാകും.
ലോകത്തെങ്ങുമുള്ള ചൂണ്ടക്കാര്‍ക്ക് ഒരു മുഖം മാത്രമേയുള്ളൂ. വെറിയും ക്രൗര്യവും ഒളിപ്പിച്ചുവെച്ച ദൈന്യത്തിന്റെ മുഖം.
ഇര കോര്‍ത്ത ചൂണ്ടയും വെറി മൂത്ത ചൂണ്ടക്കാരനും ജലജീവികളുടെ നാട്ടറിവാണ്. പരമ്പരാഗതമായ തിരിച്ചറിവാണ്. പക്ഷേ എല്ലാ അറിവുകളേയും പ്രലോഭനങ്ങള്‍ മരവിപ്പിക്കും.
നിമിഷ നേരത്തേക്കുള്ള ഓര്‍മത്തെറ്റ്. ജീവന്‍ കൊളുത്തി വലിക്കാനത്രയും മതി.
കറിക്കത്തി കൊണ്ട് അരിഞ്ഞ്, ഉപ്പും മുളകും ചേര്‍ത്ത് ഒരുവന്റെയും തീന്‍മേശയില്‍ എത്തിയില്ലല്ലോയെന്ന സന്തോഷത്തില്‍ പയത്തി മലര്‍ന്നു തുള്ളി.
വീണ്ടും ചെന്നു വീണത് പിടഞ്ഞു മരിക്കുന്ന മണ്ണിരയ്ക്ക് മുന്നില്‍. കൂര്‍ത്ത കൊളുത്തില്‍ മരണ വെപ്രാളത്തില്‍ പിടയുന്ന മണ്ണിരയുടെ നിശബ്ദ രോദനം കേള്‍ക്കാനാകുന്നുണ്ട്. പിടച്ചിലില്‍ തെറിച്ച് വീഴുന്ന ജീവിതാസക്തി കാണാനാകുന്നുണ്ട്.
പാവം !
പയത്തി പറഞ്ഞുപോയി.
അന്ധമായ തന്റെ ലോകത്ത് അനുകമ്പയാര്‍ന്ന സ്വരം. മണ്ണിര ഞെളിപിരി കൊണ്ടു. എന്നെ വിഴുങ്ങൂ. എന്നെ വിഴുങ്ങൂ. എന്ന് ആംഗ്യം കാട്ടി.
ഇഞ്ചിഞ്ചായി മരിക്കുന്നതിനേക്കാള്‍ ഭേദം ഒറ്റ വിഴുങ്ങലില്‍ പെട്ടെന്നവസാനിക്കുന്നതാണ്.
മണ്ണിരയുടെ ദീനഭാവം കണ്ട് പയത്തിയുടെ മനസ്സലിഞ്ഞു. അനുകമ്പയാര്‍ന്ന പയത്തിയുടെ മൃദുലമാര്‍ന്ന ചുണ്ടുകള്‍ മണ്ണിരയുടെ നനുത്ത ദേഹത്ത് ഉമ്മ വെച്ചു.
വേഗം വേഗം.
മണ്ണിര ധൃതി കൂട്ടി.
പയത്തിക്ക് മുന്‍, പിന്‍ ചിന്തകള്‍ നഷ്ടമായി. ഒടുവില്‍ കണ്ണടച്ച് സധൈര്യം വിഴുങ്ങി.
------------
No comments:
Post a Comment