അധ്യാപകലോകം അവാര്‍ഡ് (2010) ലഭിച്ച കഥ
'ഇനിയും വരും ഇവള്‍ അഗ്നിയായ് 'എന്ന നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ കുന്നുംപുറം ജനകീയ കലാസമിതിയില്‍ അവസാനിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. ഞരമ്പുകള്‍ വലിച്ചുമുറുക്കിയ അംഗചലനങ്ങള്‍ക്കും കത്തിവാള്‍ മൂര്‍ച്ചയുള്ള ഡയലോഗുകള്‍ക്കും ശേഷം കാറ്റഴിച്ചുവിട്ട റബ്ബര്‍ ട്യൂബ് പോലെ അഭിനയക്കാര്‍ അയഞ്ഞു. ഒരു ഗ്ലാസ്സ് തണുത്തവെള്ളം സെക്രട്ടറിയോടാവശ്യപ്പെട്ട് സംവിധായകന്‍ മടക്കുകസേര നിവര്‍ത്തി, ചാരിയിരുന്ന് കണ്ണുകളടച്ചു. ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കായി ക്ഷണി ച്ചുവരുത്തിയവര്‍ അവര്‍ക്കു ലഭിച്ച തുണ്ടു കടലാസുകളില്‍ എന്താണെഴുതേണ്ടത് എന്ന് ആലോചിച്ചുകൊണ്ടിരുന്നു.
"ഇതുകൊണ്ടുമാത്രം എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട, എണ്ണിയെണ്ണി കണക്കുതീര്‍ക്കാന്‍ ആയിരം നാവുള്ള അഗ്നിയായ് ഇവള്‍ ഇനിയും വരും, ഇനിയും വരും.” എന്ന് കാണികളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി ആക്രോശിച്ചു നില്‍പ്പായിരുന്ന സാവിത്രിക്ക് സരളയാവാന്‍ അല്‍പം കൂടി സമയമെടുത്തു. ചൂണ്ടിയ വിരല്‍ ആകാശത്തുതന്നെ തങ്ങിനിന്നു. വിരലിലേക്ക് കേന്ദ്രീകരിച്ചിരുന്ന ലൈറ്റ് അണഞ്ഞിട്ടും ചൂട് മാറിയില്ല. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടും അത് തന്റെ വിരല്‍ തന്നെയോ എന്ന് അവള്‍ക്ക് സംശയമുണ്ടായി.
പൊടുന്നനെ വിരല്‍ മടക്കി കൈ താഴ്ത്തി, എന്തോ ഓര്‍ത്തിട്ടെന്നപോലെ ഓടിവന്ന് ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി. “ഈശ്വരാ ഇത്രയായോ നേരം" എന്ന് ആരോടെന്നില്ലാതെ പറഞ്ഞ് വേവലാതി യോടെ ഓടിക്കൊണ്ട് മേശപ്പുറത്ത് വെച്ചിരുന്ന കര്‍ച്ചീഫെടുത്തു.അതിന്റെ ഒരറ്റത്ത് ഒരു കുഞ്ഞുതുണിപ്പാവയുടെ തല പോലെയുണ്ടായിരുന്ന കെട്ടഴിച്ചു. തുട്ടുകളില്‍ നിന്ന് ഒരു രൂപയെടുത്ത് വരാന്തയിലുണ്ടായിരുന്ന കോയിന്‍ ബോക്സിനടുത്തേക്കോടി. “ശാരദേച്ചി ഇതു ഞാനാ, തെക്കേ വീട്ടിലെ സരള . ഒന്ന് അമ്മേന്യോ അച്ഛന്യോ ആടത്തേക്ക് വരാമ്പറ്യോ. കുറച്ച് കയ്ഞ്ഞ് പിന്നേം വിളിക്കാം” എന്ന് തെല്ലു സങ്കോചത്തോടെ പറഞ്ഞൊപ്പിച്ചു.
ഈ ഇരുട്ടത്ത് ടോര്‍ച്ചുമെടുത്ത് ശാരദേച്ചിക്ക് വീട്ടില്‍ പോയി പറയുക പ്രയാസമാണെന്നറിയാഞ്ഞിട്ടല്ല. പിള്ളേരൊന്നും പറഞ്ഞാല്‍ കേള്‍ക്കില്ല. അവരുടെ ചെറുപ്പക്കാരികളായ അമ്മമാര്‍ 'ശീപ്പായിപ്പണിക്കൊന്നും നമ്മളെ കിട്ടില്ല ' എന്നമട്ടില്‍ മുഖം കോട്ടി തിരിഞ്ഞു നടക്കും. മനസ്സില്‍ എത്ര പിരാകിയാലും നീരുവന്ന് വീര്‍ത്ത കാലുകൊണ്ട് ശാരദേച്ചി തന്നെ ഏന്തി വലിഞ്ഞ് പോകും.
അല്‍പം കഴിഞ്ഞ് വീണ്ടും കോയിനിടുമ്പോള്‍ സെക്രട്ടറി “ അയ്യോ ഞാന്‍ മൊബൈല്‍ തരുമായിരുന്നല്ലോ “ എന്ന് ഓടിവന്ന് പറയുക യുണ്ടായി. അത് ശ്രദ്ധിക്കാതെ ശാരദേച്ചിയുടെ നമ്പറില്‍ വിരലമര്‍ത്തി. സെക്രട്ടറി ആ വിരലുകളലേക്ക് നോക്കിപ്പോയി. ആധിയും അസ്വസ്ഥതയും അരക്ഷിതബോധവും വിരലുകളിലേക്ക് ഊര്‍ന്നിറങ്ങി യതുപോലെ. ....അഭിനയിക്കുമ്പോഴുണ്ടായിരുന്ന ഉശിരും ഊര്‍ജ്ജവും ആ വിരലുകളില്‍ നിന്ന് ചോര്‍ന്നു പോയിക്കഴിഞ്ഞിരുന്നു.
ഫോണെടുത്തത് അമ്മ. ആ കുരിപ്പ്കാലനെ ഇന്നും കെട്ടികൊണ്ടന്നത് നാലുകാലിലാണെന്നും, കൂട്ടാനും കിഴിക്കാനും വരാന്‍ ഇവിടെ ഒരുത്തനുമില്ലെന്നും നട്ടപ്പാതിരയായിട്ടും കുടിയടങ്ങാതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാനാണ് ഭാവമെങ്കില്‍ ചെവിക്കുറ്റി ഞാനടിച്ചുപൊട്ടിക്കുമെന്നും അമ്മ പറഞ്ഞു. അഴിഞ്ഞാട്ടക്കാരി യാവാനാണോ പുറപ്പാട്. ഇത് അന്യവീടായിപ്പോയി. എന്റെ നാക്ക് തേച്ചും പൊറത്തെട്പ്പിക്കേണ്ട. ബാക്കി ഇങ്ങോട്ടെ ഴുന്നളളിയശേഷം തരാം. എന്നിങ്ങനെ കലമ്പല്‍ തുടര്‍ന്നപ്പോള്‍ ക്ഷമ കെട്ടതുപോലെ ഫോണ്‍ മൂളി മൂളി വാണിങ്ങ് കൊടുത്തു. ചീത്തപറയല്‍ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ 'ഫ തള്ളേ' എന്നമട്ടില്‍ ഫോണ്‍ സ്വയം കട്ടായി.
എങ്ങിനെയാണ് ഈ ഇരുട്ടത്ത് ഇത്രയും ദൂരം ഒറ്റക്ക് നടന്നു പോവുകയെന്നാലോചിച്ചപ്പോള്‍ സരളയുടെ കാലിനടിയില്‍ നിന്ന് മൂര്‍ദ്ധാവുവരെ എന്തോ ഇരച്ചുകയറി. രചയിതാവ്, സംവിധായകന്‍, അഭാനേതാക്കള്‍, ടെക്നീഷ്യന്മാര്‍, കലാസമിതി ഭാരവാഹികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെ പത്തിരുപത്തഞ്ച് ആണുങ്ങള്‍ ചുറ്റിലുമുണ്ട്. ആരാണ് അച്ഛന്റേയോ ആങ്ങളയുടേയോ റോളെടുത്ത് കൊണ്ടുപോകാന്‍ തയ്യാറാവുക എന്ന് ആലോചിച്ചുനില്‍ക്കവേ, സെക്രട്ടറി, ഒരു ഓട്ടോ ഏര്‍പ്പാടാക്കിയാല്‍ ഒറ്റയ്ക്ക് പോകാമോ എന്ന് ചോദിച്ചു. പരിചയമുള്ള ഓട്ടോക്കാരനാണെങ്കില്‍ പോകാം എന്നു മറുപടി പറഞ്ഞപ്പോള്‍ ജോയന്റ് സെക്രട്ടറി ദിനേശന്റെ എളേപ്പന്റെ മോനാണ്, പയ്യനാണ്, ശുദ്ധനാണ്, അച്ചടക്കമുള്ളോനാണ് എന്നൊക്കെ ആശ്വസിപ്പിച്ചു.
ദിനേശ് എളേപ്പന്റെ മോന്റെ നമ്പറില്‍ പലവട്ടം അമര്‍ത്തിയിട്ടും പരിധിക്ക് അകത്തേക്ക് കൊണ്ടവരാനായില്ല. ഇനിയെന്താണൊരു വഴിയെന്നാലോചിച്ച് സെക്രട്ടറി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇവിടെ നാടകത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ച് ഡിസ്കഷന്‍ നടത്തുന്നതിന് പ്രമുഖവ്യക്തികള്‍ എത്തിയിട്ടുണ്ട്. ഉരച്ചുമിനുക്കേണ്ടുന്ന പണി ഇനിയാണ്. നാളെ അരങ്ങിലെത്തിന്നതിനു മുമ്പ് നൂറുകൂട്ടം കാര്യങ്ങളുണ്ട് ചെയ്തു തീര്‍ക്കാന്‍. നിന്നു തിരിയാന്‍ നേരമില്ല ആര്‍ക്കും.
റിഹേഴ്സല്‍ സമയത്ത് സന്ധ്യക്കുമുമ്പ് വീട്ടിലെത്തിക്കാം എന്നായിരുന്നു നടിയോടുണ്ടാക്കിയ കരാറുകളിലൊന്ന്. അത് പാലിച്ചേ പറ്റൂ. ഇല്ലങ്കില്‍ നാളെ സ്റ്റേജ് കയറലുണ്ടാവില്ല. പത്തു പന്ത്രണ്ട് ബൈക്കുകളെങ്കിലുമുണ്ട് മുറ്റത്ത്. കാലം അല്പമൊന്ന് പുരോഗമിച്ചിരുന്നെങ്കില്‍ ഏതുപെണ്ണിനേയും ഏത് അക്യബിലേക്കും ഠപ്പേ എന്ന് കണ്ടാക്കാം. ഓട്ടോ ഏര്‍പ്പാടാക്കിയാല്‍ തന്നെ വിസ്വസിക്കാന്‍ പറ്റുന്ന ആരെയെങ്കിലും തിരഞ്ഞുപിടിച്ച് കൂടെ വിടണം. സെക്രട്ടറി എല്ലാവരേയും നോക്കി. ദുഷിച്ച നോട്ടമുള്ള ഒരു കണ്ണെങ്കിലും എല്ലാമുഖങ്ങളിലുമുണ്ടെന്ന് സെക്രട്ടറിക്ക് തോന്നി. കണ്ണുമടച്ച് വിശ്വസിക്കരുത് ആരേയും. പേരുദോഷം വരാന്‍ ഇത്തിരി നേരമേ വേണ്ടു.
ആകാശത്തിലുടെ പറന്നുപോകുന്ന അടി കോണി കയറി വാങ്ങുമ്പോലുള്ള ഏര്‍പ്പാടാണ് ഈ സെക്രട്ടറിപ്പണിയെന്ന് പലപ്പോഴും തോന്നിയതാണ്. സ്ക്രിപ്റ്റ്, സംവിധാനം, അഭിനയം, റിഹേഴ്സല്‍, മ്യൂസിക്ക്, മേക്കപ്പ്, സ്റ്റേജ്, ലൈറ്റ് സൗണ്ട, പിരിവ്, ചെലവ്, ഓഡിയന്‍സ്.....ഏതുകാര്യമെടുത്താലും നായിക്കുര്‍ണ തൊട്ടതുപോലെയാണ്. നടിയെ സംഘടിപ്പിക്കാന്‍ പുറപ്പെട്ടാലാണ് ചൊറിച്ചില്‍ ജാസ്തിയാവുക. കഷ്ടപ്പപ്പെട്ട് സംഘടിപ്പിച്ചാലോ സംരക്ഷണം അതിലും പ്രധാനം. എത്ര സദാചാരം പ്രസംഗിച്ചാലും ആമ്പിള്ളേര്‍ തരം കിട്ടിയാല്‍ വര്‍ഗ്ഗസ്വഭാവം പുറത്തെടുക്കും. ഇവിടെ തന്നെ നോക്കൂ. പേരുദോഷത്തിന്റെ ചെറിയ കറയെങ്കിലും പുരളാത്ത ഒരാളെയെങ്കിലും കാണിച്ചുതരാമോ ? അയല്‍പക്കത്തെ കുളിമുരിയില്‍ ഒളിഞ്ഞുനോക്കിയവരുണ്ട്. ഉച്ചപ്പടം ഒന്നൊഴിയാതെ കാണുന്നവരുണ്ട്. നീലസി.ഡി. കളും കമ്പി പുസ്തകങ്ങളും അരയിലൊളിപ്പിച്ച് പരസ്പരം കൈ മാറുന്നവരുണ്ട്. ബസ്സിലിരക്കുന്ന സ്ത്രീകളുടെ മുതുകില്‍ ചാരി നിര്‍വൃതി കൊള്ളുന്നവരുണ്ട്. ട്യൂട്ടോറിയല്‍ വിടുന്ന സമയത്ത് ഒരുജോലി പോലെ കപ്പാലത്തിനടുത്തേക്ക് കുതിക്കുന്നവരുണ്ട്. അവിഹിതങ്ങളുടെ നാറുന്ന കഥകള്‍ പേറുന്നവരുണ്ട്.
ഇതൊന്നും ആരും പച്ചയായി പറഞ്ഞുനടക്കാറില്ലെങ്കിലും എല്ലാവര്‍ക്കുമറിയാം.
ഇവളൊരു നടി കൂടിയാണ്. സമൂഹം വെറുമൊരു നാടകനടിയെ ഏതുകണ്ണിലൂടെയാണ് നോക്കുന്നത് എന്ന് ഈ പുരോഗമിച്ച നാട്ടില്‍പോലും ആരും പഠനവിഷയമാക്കിയിട്ടില്ല. ആണ്‍കോയ്മയുടെ പെരുങ്കോട്ടകള്‍ അടിച്ചു തകര്‍ക്കാതെ ഇതിനൊന്നും മാറ്റം വരില്ല.
സെക്രട്ടറിയുടെ ധാര്‍മീക രോഷം പതഞ്ഞു പൊന്തുകയായരുന്നു.
കലാസമിതി കുറേ കാലമായി ഇമ്മാതിരി അലമ്പുകള്‍ എടുത്ത് മുതുകില്‍ വെക്കാറില്ല. ഓണത്തിനോ കൃസ്തുമസ്സിനോ ആംഗ്യപ്പാട്ട്, കഥപറയല്‍, മിഠായിപൊറുക്കല്‍, ആനയ്കുവാല്‍വരക്കല്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ആരെ കൊണ്ടും പറയിപ്പിക്കാതെ തട്ടിയും മുട്ടിയും മുന്നോട്ട് പോവുകയായിരുന്നു. അത്യാവശ്യത്തിന് തെക്കോട്ടുള്ള നല്ല പ്രൊഫഷണലുകാരേയും കൊണ്ട് വന്ന് നാടകം കളിപ്പിക്കും. ടെന്‍ഷന്‍ കുറവ്. പണം പിരിച്ചെടുത്ത് റബ്ബര്‍ ബാന്‍ഡിട്ട് ഏല്‍പ്പിക്കുകയേ വേണ്ടൂ. അതിനിടയിലാണ് ഓരോ മാരണം തലയില്‍ കയറ്റി വെച്ചിരിക്കുന്നത്. സ്വന്തമായി ഒരു നാടകം എഴുതിയുണ്ടാക്കി സ്റ്റേജിലവതരിപ്പിക്കണമെന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടവരണമെന്നും ജനറല്‍ബോഡിയില്‍ അഭിപ്രായങ്ങള്‍ പൊന്തിവരികയായിരുന്നു. പൈങ്കിളി ആയിക്കുട, സാമൂഹ്യപ്രതിപദ്ധത അനിവാര്യം. നാടകം കണ്ട ഒരുത്തനെങ്കിലും മനസ്സ് മാറണം. നേര്‍വഴി സ്വീകരിക്കണം. ചര്‍ച്ചകള്‍ തകൃതിയായി.
സ്ത്രീകള്‍ക്ക് നേരേയുള്ള ശാരീരീകവും മാനസീകവുമായ അതിക്രമ ങ്ങളാണ് ഇന്നു നാം നേരിടുന്ന മഹാവിപത്തെന്ന് സര്‍വേ റിപ്പോര്‍ ട്ടുകള്‍ ഉദ്ധരിച്ച് സെക്രട്ടറി വിശദീകരിച്ചു. ഡാറ്റകളും കണക്കുകളും കൊണ്ട് സാധൂകരിച്ചു. എങ്കില്‍ അതിനെതിരെ ചെറുത്ത് നില്‍പ്പ് അനിവാര്യ മാണെന്നും നാടകത്തിലൂടെ താക്കീത് നല്‍കിയാല്‍ കൊള്ളേണ്ടിട ത്തൊക്കെ കൊള്ളുമെന്നും സമൂഹം രക്ഷപ്പെടുമെന്നും പറഞ്ഞ് പിന്താങ്ങാന്‍ അംഗങ്ങള്‍ അനവധി.
ഉറവവറ്റിയെന്ന് സ്വയം കരുതി എഴുത്തൊക്കെ മടക്കിപ്പൂട്ടി അട്ടത്ത് കയറ്റിവെച്ചിരുന്ന കെ.പി.പവിത്രന്‍ മാഷ് തന്റെ സര്‍ഗ്ഗശേഷി പൊടിതട്ടി പുറത്തെടുത്തു. സമൂഹത്തില്‍നിന്ന് അടര്‍ത്തിയെടുത്ത കഥാപാത്രങ്ങള്‍. 'ഇനിയും വരും ഇവള്‍ അഗ്നിയായ്' ' അങ്ങനെ പടര്‍ന്നുകയറുകയായിരുന്നു. സമിതിയിന്‍ വീയിച്ചുകേള്‍പ്പിച്ചപ്പോള്‍ മെമ്പര്‍മാരുടെ സിരകളില്‍ ചോര തിളച്ചു മറിയുകയായിരുന്നു. ഇതുകലക്കും.
പരമ്പരാഗത സംവിധായകന്‍ എത്രതലകുത്തിമറിഞ്ഞാലും നാടകാസ്വാദകരുടെ കഷായം കുടിച്ച മുഖം കാണേണ്ടി വരുമെന്നും ഒരു സ്കൂള്‍ ഓഫ് ഡ്രാമക്കാരനെ തൊട്ടുകൂട്ടാന്‍ കിട്ടിയാല്‍ റെയിഞ്ച് വല്ലാതെ ഉയരുമെന്നും അഭിപ്രായങ്ങളുണ്ടായി.
പലരും പല പേരുകള്‍ പറഞ്ഞുനോക്കി. എല്ലാം പ്രായം ചെന്നവര്‍. അല്ലെങ്കില്‍ ചെറിയ കുട്ടികള്‍. കുട്ടികളെ അവിടേയും ഇവിടേയും എന്തെങ്കിലും വാരിക്കെട്ടി, സാരിയുടുപ്പിച്ചും പ്രായം ചെന്നവരെ അരയിഞ്ചുവണ്ണത്തില്‍ പൗഡറിടീപ്പിച്ചും ട്രൈ ചെയ്തുകൂടേയെന്ന് സംവിധായകനോട് കേണപേക്ഷിച്ചു. എങ്കില്‍ സംവിധാനത്തിനു വേറെ ആളെ നോക്കുന്നതാണ് നല്ലതെന്നായിരുന്നു മരുപടി. പുള്ളിക്ക് ചെറുപ്പ ക്കാരികളെതന്നെ കിട്ടണം. സ്ത്രീയാണ് മുഖ്യം. മുഴച്ചുനില്‍ക്കാതിരി ക്കണമെങ്കില്‍ ഏച്ചുകെട്ടാത്തതാവണം.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് മോണോ ആക്ടിലും കഥാപ്രസംഗത്തിലും എ ഗ്രേജുകള്‍ വാങ്ങാറുണ്ടായിരുന്ന സരള എന്ന പെണ്‍കുട്ടയെ തപ്പി നോക്കിയാലോ എന്ന് ആരോ പറഞ്ഞു. അച്ഛന്‍ ഫുള്‍ടൈം തണ്ണി. കിണ്ടി കിണ്ണങ്ങള്‍ വരെ വിറ്റുപെറുക്കി ഷാപ്പില്‍ കൊണ്ടകൊടുത്തു കണ്ടമാനം കടം വാങ്ങി മുടിഞ്ഞു. എസ്.എസ്.എല്‍.സി. ക്ക് ശേഷം മോളുടെ പഠിപ്പും പരീക്ഷയും അവസാനിപ്പിക്കാതെ വയ്യെന്നായി. പത്തോ, നൂറോ കൊടുത്താല്‍ അഭിനയിക്കാന്‍ വരും. അച്ഛന്‍ എന്നുവിളിക്കുന്നയാള്‍ കൈയിട്ടുവാരിയില്ലെങ്കില്‍ കുടുമ്പത്തിന് ഒരാഴ്ചത്തെ റേഷനുള്ള വകയുമായി.
നാടകോം വേണ്ട അഭിനയോം വേണ്ട, പോയ്ക്കോള്‍ണം, ഈ മുറ്റത്ത് കണ്ടുപോകരുത്, തൊലി വെളുപ്പുള്ള പെമ്പിള്ളറെ കാണുമ്പം പെഴപ്പിക്കാന്‍ നടക്ക്ന്ന ഓരോരോ തെണ്ടികള്.....
കെട്ടഴിച്ചുവിട്ട പട്ടയെ പോലെ അമ്മ കുരച്ചുചാടുകയായിരുന്നു. അവര്‍ക്ക് ഉപയോഗിക്കാനറിയാവുന്ന ഏറ്റവും മാന്യമായ ഭാഷയായിരുന്നു അത്. വന്നവര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങിപ്പോയി.
മാര്‍ക്കില്ലാഞ്ഞിറ്റല്ലല്ലോ എന്നെ പ്ലസ്ടൂന് ചേര്‍ക്കാതിരുന്നത്. അതിയോ ?
കരഞ്ഞുകരഞ്ഞ് മുഖമാകെ കണ്ണീരൊലിപ്പിച്ചു സരള ഉറഞ്ഞുതുള്ളി.
എന്റൊപ്പം പഠിച്ച കുട്ട്യോളൊക്കെ പ്ലസ് ടു കയ്ഞ്ഞ് ഇപ്പം കോളേജിലെത്തി. എന്നെമാത്രം പൊറത്തറങ്ങാന്‍ വിടാണ്ട്........
പൂര്‍ത്തിയാക്കിയില്ല. പൊട്ടിക്കരച്ചിലായിരുന്നു പിന്നെ ഇതുവരെ. തന്റെ മുന്നില്‍ ഇവള്‍ ത്രമാത്രം ഒച്ച വെച്ചിട്ടില്ല. ഓരോന്ന് ശീലിച്ചുവരുന്നുണ്ട്. നോക്കാം.
മൂക്കുചീറ്റലും ഏങ്ങി ക്കരച്ചിലും തുടര്‍ന്നു കുറേ നേരം.
എടീ നിന്റെ മോള് അടുക്കളേലും അട്പ്പിന്‍കുണ്ടിലും ഇരുന്ന് മൂത്ത് നരച്ച് പോവ്വേ ഉള്ളൂ. പൊറത്തെറങ്ങി നാലാള് കണ്ട് കണ്ണിന് പിടിച്ചാ മാത്രേ ഏതെങ്കിലും ചെക്കന്മാര് ഈപടി കേറി വരികയുള്ളൂ. മറക്കേണ്ട.
മൂലയ്ക്കുചുരുണ്ടുകൂടി കിടന്നിരുന്ന അച്ഛന്‍ സടകുടഞ്ഞെഴുന്നേറ്റു. കള്ളിന്റെ മണമുള്ള തത്വചിന്ത ഛര്‍ദ്ദിച്ച് നെഞ്ചുതടവി വീണ്ടും കുഴഞ്ഞുവീണു ചുരുണ്ടു.
നിങ്ങളൊരുത്തന്റെ തിരുമോന്ത കണ്ടാ മാത്രം മതിയല്ലോ. മോക്ക് പുരുവന്‍ വെരാന്‍
അമ്മ കാറി തുപ്പി.
ലഹരിയുടെപുറത്താണെങ്കിലും ഈ മനുഷ്യന്‍ ഇപ്പോള്‍ പറഞ്ഞതില്‍ ലേശം കാര്യമുണ്ടെന്ന് അമ്മയ്ക്ക് തോന്നി.
പോയാക്കോള്വോ....പക്ഷേ, എന്തെങ്കിലും വേണ്ടാതീനം കേള്‍പ്പിച്ചാ കുത്തി കൊടലെക്കും ഞാന്‍, ഓര്‍ത്തോ.
വേണ്ടാതീനമൊന്നും ഉണ്ടായില്ല. പകല്‍ വെളിച്ചത്തിലായിരുന്നു റിഹേഴ്സല്‍ ഇതുവരെ. വരവും പോക്കും ബാദ്ധ്യതയായിരുന്നില്ല. ഫൈനലിന്റെ ഒരുക്കങ്ങള്‍ വൈകി. സമയക്രമം തെറ്റി.
ഒരു കാര്യം ചെയ്യാം. കൊറച്ചു നിക്ക്. ഡിസ്കഷന്‍ കഴിഞ്ഞ് സംവിധായകനേം ആള്‍ക്കാരേം കൊണ്ടുവിടാന്‍ പോമ്പം കാറ് അതുവഴി തിരിക്കാന്‍ പറയാം.
സെക്രട്ടറി പറഞ്ഞു നോക്കി .
അയ്യോ ഇനിയും രാത്രിയായാല്‍ അമ്മ കൊല്ലും. സ്കൂള്‍ കുട്ടിയുടെ നിഷ്കളങ്കതയോടെ സരള പറഞ്ഞു.
ശരിയാണ്. അവര്‍ വാളെടുക്കും. ആ നാക്കിനു മുന്നിലാണ് തടുപ്പോറില്ലാത്തത്.
ഒരു കണക്കിന് ഇങ്ങനത്തെ തെറിവേണം പുതിയ കാലത്തില്‍. വരമ്പത്താവണം കൂലി. ഉള്ളിന്റെ ഉള്ളില്‍ നിന്ന് തെറിച്ചുവരുന്നതാണത്. വൈകി പ്രതികരിക്കുന്നതുകൊണ്ടാണ് വഷളത്തരങ്ങള്‍ പെരുകുന്നത്. സ്വയം രക്ഷയ്ക് തോക്കിനേക്കാള്‍ നല്ലത് നാക്കാണ്.
ഈ സന്ധ്യയില്‍ ഒരു പെണ്‍കുട്ടിക്ക് തനിച്ചു സഞ്ചരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? നിര്‍ഭയമായി സഞ്ചരിക്കാന്‍ പറ്റാത്ത സ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യമെന്നുവിളിക്കാമോ? പുരുഷകേന്ദ്രീകൃതമായ സമൂഹത്തെ ഉടച്ചുവാര്‍ക്കേണ്ട സമയം സമാഗതമായില്ലേ....
സെക്രട്ടറി ആത്മരോഷത്തോടെ വലതു കൈ ചുരുട്ടി.
ഇവിടെയാണ് ' ഇനിയും വരും ഇവള്‍ അഗ്നിയായ് ' എന്ന സമിതിയുടെ നാടകത്തിന്റെ പ്രസക്തി. ഇത് നാളെ അരങ്ങിലെത്താന്‍ പോവുകയാണ്. തീര്‍ച്ചയായും ചലനങ്ങള്‍ സൃഷ്ടിക്കും. കുറ്റിനാശം വന്ന ആങ്ങളമാരുടെ ശക്തമായ തിരിച്ചുവരവാണ് നാടകം ആഹ്വാനം ചെയ്യുന്നത്. അവസാന രംഗത്ത് നായിക സാവിത്രിയുടെ ചെറുത്ത് നില്‍പ്പ് ഓരോ കാണിയേയും ആവേശഭരിതമാക്കുന്നുണ്ട്. ചൂണ്ടപ്പിടിച്ചുനില്‍ക്കുന്ന ആ വിരല്‍ ഓരോ ആണിന്റേയും ഹൃദയത്തിലാണ് ആഞ്ഞുതറക്കുന്നത്.
എന്നെ ഇപ്പത്തന്നെ വീട്ടിള് ക്കൊണ്ടാക്കണം. ഇല്ലെങ്കില്‍ അമ്മ കത്ത്യാളെടുക്കും. ആരെങ്കിലും വര്വോ എന്റ കൂടെ.
കരച്ചിലിന്റെ വക്കത്തോളമെത്തി നാടകത്തിലെ സാവിത്രിയായ സരള ഇപ്പോള്‍. അതൊരു പരകായ പ്രവേശം തന്നെയായിരുന്നു. ജ്വലിച്ചുനിന്നിരുന്ന കനല്‍കട്ട ഇപ്പോള്‍ കത്തിയമര്‍ന്ന് വെണ്ണാറായിരിക്കുന്നു. ഇനി ഒരു നിമിഷം കൂടി വൈകിയാല്‍ അവള്‍ കൊച്ചുകുട്ടിയെ പോലെ വാവിട്ടുകരയും. ചിലപ്പോള്‍ നാളെ ശാഠ്യക്കാരി കുട്ടിയെപ്പോലെ വരാതിരിക്കാം.
ബേജാറാവല്ല. ഇപ്പത്തന്നെ കൊണ്ടാക്കാം.
സെക്രട്ടറി മൊബൈലില്‍ ഓട്ടോസ്റ്റാന്റിലെ നമ്പര്‍ ഞെക്കി. എന്നിട്ട് എല്ലാവരുമോടായി പറഞ്ഞു.
ഡിസ്കഷന്‍ സ്റ്റാര്‍ട്ട് ചെയ്തോ. അര മണിക്കൂറിനുള്ളില്‍ ഞാനെത്തും. സരളേനെ വീട്ടിള് കൊണ്ടാക്കീറ്റ് വേഗം വരാം.
ഓടിക്കിതച്ചെത്തിയ ഓട്ടോ സമിതിയുടെ വാതില്‍ക്കല്‍ ബ്രേക്കിട്ടു. ആദ്യമായി ഒരന്യ പുരുഷന്റെ കൂടെ ഓട്ടോയില്‍ ഒരുമിച്ചിരുന്ന് യാത്രചെയ്യുകയാണ്. അതിനെന്താ ? സെക്രട്ടറി നല്ല മനുഷ്യനാണ്. ഒരു ഏട്ടനോടെന്ന പോലെ പെരുമാറാനുള്ള സ്വാതന്ത്ര്യമുണ്ട്. സമാധാനത്തോടെ അവള്‍ സീറ്റില്‍ ചാരിയിരുന്നു.
അഭിനയത്തിന്റെ ഫീല്‍ഡിതന്നെ നില്‍ക്കണം. ഞാമ്പറയ്വാ.
സെക്രട്ടറി പറയാന്‍ തുടങ്ങി.
സീരിയലുകളിലൊക്കെ എനിതൊരു സ്കോപ്പാന്നറിയോ ? പണ്ടത്തെ പോലെ കച്ചറമാരൊന്ന്വല്ല ഇപ്പം ഈ ഫീല്‍ഡില്. ലേശം ധൈര്യണ്ടായാ മതി. അമ്മേനെ പറഞ്ഞ് മനസ്സലാക്കാന്‍ നോക്ക്. കഴിവ് എല്ലാര്‍ക്കും കിട്ട്ന്നതല്ല.അതുള്ളേര് അതിനെ കഴ്ത്ത് ഞെരിച്ച് കൊല്ലാണ്ടിരിക്ക്വ.
സരള മിണ്ടിയില്ല.
വീട്ടില്‍ കയറുമ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്ന ചിന്തയാണ് മനസ്സു നിറയെ. നശിച്ച നാക്കിനെയാണ് പേടി. മറ്റുള്ളോരുടെ മുന്നില്‍ വെച്ച് അത് പുറത്തെടുക്കാതിരുന്നാല്‍ മതി. എല്ലാവരും എപ്പോഴും ക്ഷമിക്കണമെന്നില്ല. ഇനി രണ്ടു വര്‍ത്തമാനം അങ്ങോട്ടും പറയണം. താനും ഉണ്ടാക്കിയല്ലോ സ്വന്തമായി നാലു കാശ്.
സരള ഉറച്ച മനസ്സോടെ ഓട്ടാറിക്ഷയുടെ കമ്പിയില്‍ കൈകള്‍ മുറുകെ പിടിച്ച് നിവര്‍ന്നിരുന്നു.
സെക്രട്ടറി സരളയുടെ വിരലുകളിലേക്ക് ഇടക്കണ്ണാല്‍ നോക്കിപ്പോയി. വെളുത്തുമെലിഞ്ഞ വിരലുകള്‍. സ്വര്‍ണ നിറത്തില്‍ മിന്നും നനുത്ത രോമങ്ങള്‍.
ഈ വളവിന് നിര്‍ത്തിക്കോ.
സരള പറഞ്ഞു.
ഇറങ്ങുമ്പോള്‍ സരള ലേശം തെന്നിപ്പോയി. വീഴരുത്, സൂക്ഷിക്കണം എന്നു പറഞ്ഞ് സെക്രട്ടറി വലതു കൈ കൊണ്ട് സരളയുടെ കൈ വിരലുകള്‍ പിടിച്ചു. ഒന്നു രണ്ട് സ്റ്റെപ്പ് നടക്കുന്നതുവരെ വിരലുകളില്‍ മുറുകെ പിടിച്ചു. വിരലുകളിലെ നേര്‍ത്ത ചൂട് സെക്രട്ടറിയുടെ ഉള്ളം കൈയിലേക്ക് പടര്‍ന്നു.
നാളെ നേരത്തെ പോരി. ആദ്യായി സ്റ്റേജ് കയറുമ്പം ലേശം ടെന്‍ഷനൊക്കെയ്ണ്ടാവും. ങാ നാളെ നന്നെ രാത്രിയാവുംന്ന് അമ്മയോട് പറഞ്ഞേക്ക്.
സെക്രട്ടറി പിടി വിട്ടു.
സരള വീടിന്റ സ്റ്റെപ്പ് കയറിയെന്ന് ഉറപ്പ് വരുത്തിയശേഷം സെക്രട്ടറി ഓട്ടോയില്‍ തിരിച്ചെത്തി. 'വിട്ടോ' എന്ന് ഡ്രൈവറോട് പറഞ്ഞ് സീറ്റില്‍ ചാരിയിരുന്നു.
താനെന്തിനാണ് വലതുകൈ ഇങ്ങനെ ചുരുട്ടിപ്പിടിച്ചിരിക്കുന്നതെന്ന്, കലാസമിതിയുടെ വാതില്‍ക്കല്‍ ഓട്ടോയിറങ്ങവേ സെക്രട്ടറി അത്ഭുതപ്പെട്ടു.(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
-------------------------------------------------------------
No comments:
Post a Comment